ഇന്ത്യൻ കോഫി ഹൗസുകളുടെ ശുക്രൻ തെളിയുമോ? ആർ.ഡി.കെ ന്യൂസ് സർവീസ്
കോട്ടയം: കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പ്രസ്ഥാനമായ ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലുള്ള ശാഖകളിൽ മികച്ച കച്ചവടം നടക്കുന്നുണ്ടെങ്കിലും, പുതിയ തൊഴിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ് സംഘം.
വ്യവസായ സൗഹൃദമായ ഈ സംസ്ഥാനത്ത്, കോഫി ഹൗസുകളിൽ പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
1958-ൽ തൃശൂർ റൗണ്ടിലെ മംഗളോദയം ബിൽഡിംഗിൽ സഖാവ് എ.കെ. ഗോപാലൻ (എ.കെ.ജി) 13 തൊഴിലാളികളുമായാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പ്രമുഖ മാർക്സിസ്റ്റ് നേതാവായ അദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനായി എന്നും നിലകൊണ്ടിരുന്നു. കോഫി ഹൗസിന്റെ വളർച്ചയ്ക്കായി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സഹകരണം ഇന്നും തുടരുന്നുണ്ട്.
തൃശൂരിന് വടക്കോട്ടുള്ള കോഫി ഹൗസുകൾ കണ്ണൂർ ആസ്ഥാനമായുള്ള സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. എന്നാൽ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് മൂലം തൃശൂർ ആസ്ഥാനമായുള്ള സംഘത്തിന് ചില ശാഖകളുടെ പ്രവർത്തനം പുനഃക്രമീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. കൃത്യമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ ഒരു ശാഖ പോലും നഷ്ടത്തിൽ പ്രവർത്തിക്കേണ്ടി വരില്ല എന്നതാണ് കോഫി ഹൗസുകളുടെ പ്രത്യേകത. മായമില്ലാത്ത ഭക്ഷണം ഉറപ്പോടെ കഴിക്കാം എന്നത് തന്നെയാണ് ഇന്ത്യൻ കോഫി ഹൗസിന്റെ ‘സെല്ലിംഗ് പോയിന്റ്’.
നിലവിലുള്ള 40 വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള 1400 തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാത്രമല്ല, ഇന്ത്യൻ കോഫി ഹൗസിനെ സ്നേഹിക്കുന്ന കേരളത്തിലെ സാധാരണ ജനങ്ങളും വിദേശ അതിഥികളും ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. സംസ്ഥാനത്തെമ്പാടും ഏകീകൃതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സൊസൈറ്റിയായ ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ ഭരണം നിലവിൽ സൊസൈറ്റി തന്നെയാണ് നിർവ്വഹിക്കുന്നത്. സി.പി.എം ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിശ്വസിക്കുന്നവർ ഇതിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. ഈ പ്രസ്ഥാനത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ ബന്ധപ്പെട്ടവർ അനുകൂല നിലപാടെടുക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. കോട്ടയം ജില്ലയിലെ കെ.കെ. റോഡിൽ പുതുതായി ആരംഭിച്ച കോഫി ഹൗസിന് ലഭിച്ച ജനസ്വീകാര്യത, ഈ പ്രസ്ഥാനം കേരളത്തിൽ ഇനിയും വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് തെളിയിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന മന്ത്രിസഭ ഇന്ത്യൻ കോഫി ഹൗസുകളുടെ വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് ഗുണകാംക്ഷികൾ പ്രതീക്ഷിക്കുന്നു. കോട്ടയം ജില്ലയിലെ വൈ.എം.സി.എ ബിൽഡിംഗിലും ചങ്ങനാശേരി കുരിശുമൂട്ടിലും പ്രവർത്തിച്ചിരുന്ന കോഫി ഹൗസുകൾ ഏതാനും മാസങ്ങൾ മുമ്പ് പൂട്ടിയിരുന്നു. തൊഴിലാളികളുടെ കുറവ് തന്നെയാണ് ഈ ബ്രാഞ്ചുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതിന്റെ പ്രധാന കാരണം. ഇവിടുത്തെ ജോലിക്കാരെ ഉൾപ്പെടെ പുനഃക്രമീകരിച്ചാണ് മണർകാട്ട് പുതിയ ഇന്ത്യൻ കോഫി ഹൗസ് ആരംഭിച്ചത്..
നിലവിലെ മന്ത്രിസഭയുടെ കാലാവധിക്കുള്ളിൽത്തന്നെ വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നാണ് ബോർഡ് ഭാരവാഹികളുടെ പ്രതീക്ഷ. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ തടസങ്ങൾ നീക്കുന്ന പക്ഷം പ്രസ്ഥാനത്തിനത് പുതുജീവൻ നൽകുമെന്ന് മാത്രമല്ല വളരുന്ന കേരളത്തിന്റെ ടൂറിസം മാപ്പിൽ ഇന്ത്യൻ കോഫി ഹൗസുകൾക്ക് നിർണായക സ്ഥാനം ലഭിക്കുകയും ചെയ്യും. സഖാവ് എ.കെ.ജി യുടെ ആത്മാവിനോട് നീതി പുലർത്തിയെന്ന് പിൻതലമുറക്കാർക്ക് അഭിമാനിക്കുകയും ചെയ്യാം.

